|
ഫിലിം ഫെസ്റ്റിവല്‍ - Brizhen Sal |
|
|
|
|
Written by എം എ ലത്തീഫ്
|
|
Wednesday, 16 December 2009 20:49 |
ഫിലിം ഫെസ്റ്റിവല്‍ - Brizhen Sal എം എ ലത്തീഫ്
14-മതു iffk യില്‍ പ്രദര്‍ശിപ്പിച്ച അസര്‍ബൈജാന്‍ സിനിമ Brizhen Sal പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.. ജീവിച്ചിരുന്ന ഒരു സംഗീതജ്ഞന്റെ ജീവിതത്തെ അധികരിച്ചു തയ്യാറാക്കിയ ഈ ചലച്ചിത്രത്തിനു സമീപനത്തില്‍ പഴമയുടെ ആവര്‍ത്തനങ്ങള്‍ ദര്‍ശിക്കാമെങ്കിലും പ്രമേയത്തിലും അവതരണത്തിലും നവ്യാനുഭവം നല്‍കാന്‍ സാധിച്ചിട്ടുണ്ട്.. സംഗീതത്തെയും പ്രകൃതിയേയും വളരെ ഭംഗിയായി സിനിമയിലെ ഓരോ കണികയുമായി ബന്ധിപ്പിച്ചിരിക്കുന്നു.. ആര്‍ദ്രതയും സങ്കടവും സന്തോഷവും പ്രണയവും പ്രതീക്ഷയും എല്ലാം (ഗിറ്റാറിനെ അനുസ്മരിപ്പിക്കുന്ന)തദ്ദേശീയ തന്ത്രിവാദ്യത്തിലൂടെ ഒഴുകിയെത്തുമ്പോള്‍ അനുവാചകനിലേക്കു സംവിധായകന്‍ ഉദ്ദേശിക്കുന്നതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ എത്തുന്നുണ്ട്.. സിനിമാചരിത്രത്തില്‍ പറയത്തക്ക പാരമ്പര്യം അവകാശപ്പെടാനില്ലാത്ത അസര്‍ബൈജാനിലെ ചലചിത്രമണ്ഡലത്തില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിന്നും അപ്പുറമാണു Brizhen Sal പ്രേക്ഷകനു നല്‍കുന്നത്.. രൌദ്രതയും ശാന്തതയും പ്രകൃതിയിലൂടെ അനുഭവിപ്പിക്കാന്‍ നടത്തിയ ശ്രമം പുതുമയുള്ളതല്ലെങ്കിലും വിരസമാകുന്നില്ല.. പ്രശസ്തരായ സംഗീതജ്ഞരേക്കാള്‍ കഴിവുള്ള പ്രാദേശിക സംഗീതജ്ഞര്‍ ഏതു സമൂഹത്തിലും സാധാരണമാണ്.. അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരും ഉണ്ടാവാത്തതാവാം അവസരങ്ങള്‍ ലഭിക്കാത്തതാവാം.. എങ്കിലും സ്വന്തം പ്രദേശത്തുള്ളവരുടെ മനസ്സില്‍ അവര്‍ക്കു വലിയ സ്ഥാനവും ആരാധനയും ഉണ്ടായിരിക്കും.. അതുപോലുള്ള പ്രാദേശിക അംഗീകാരമുള്ള ഒരു സംഗീതജ്ഞന്റെ ജീവിതാനുഭവങ്ങളെ സംഗീതത്തിന്റേയും മുസ്ലിം സംസ്കാരത്തിന്റേയും പ്രണയത്തിന്റേയും രാഷ്ടീയത്തിന്റേയും പശ്ചാത്തലത്തില്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.. താന്‍ നടത്തുന്ന പ്രാദേശിക സംഗീതസദസ്സിലേക്കു അവിചാരിതമായി പാട്ടുമായി കടന്നുവന്ന പെണ്‍കുട്ടിയുടെ ശബ്ദമാധുരിയില്‍ അയാള്‍ ആകൃഷ്ടനാവുകയാണ്.. അതു പിന്നീടു പ്രണയമായി പരിണമിക്കുന്നു.. രോഗബാധിതയായ ഭാര്യയുടെ അനുവാദത്തോടെ അയാള്‍ ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നു.. ഒരു ബന്ധുവിനു വിവാഹം ചെയ്തുകൊടുക്കാന്‍ നിശ്ചയിക്കപ്പെട്ടവളാണവള്‍.. അതിനാല്‍ അവളുടെ ബന്ധുക്കളില്‍ നിന്നും പ്രാദേശിക/മത നേതൃത്വത്തില്‍ നിന്നും ശക്തമായ എതിര്‍പ്പു നേരിടേണ്ടിവരുന്നു.. ഒളിച്ചോടുകയെന്ന പെണ്‍കുട്ടിയുടെ അപക്വമായ നിര്‍ദ്ദേശത്തെ അദ്ദേഹം നിരാകരിക്കുകയാണ്.. അറിയപ്പെടുന്ന സംഗീതജ്ഞനു ഒളിച്ചു ജീവിക്കുകയെന്നതു അസാധ്യമാണെന്ന തിരിച്ചറിവാണു അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നത്.. സംഗീതമില്ലെങ്കില്‍ അയാളില്ലയെന്ന തിരിച്ചറിവുമാവാം.. അദ്ദേഹത്തിന്റെ ഭാര്യയുടെ മരണം മാനസികമായി അയാളെ തളര്‍ത്തുമ്പോഴും സംഗീതമാണു അയാള്‍ക്കു ആശ്വാസമേകുന്നത്.. അതിനിടയില്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു മുദ്രകുത്തി ചങ്ങലയില്‍ ബന്ധിക്കുകയാണ്.. ചിലര്‍ ബോധപൂര്‍വം നടത്തിയ ഈ ബന്ധനത്തില്‍ നിന്നു മോചിപ്പിക്കാന്‍ യാഥാര്‍ത്ഥ്യം അറിയുന്ന ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കവചം സൃഷ്ടിച്ചവരുടെ ഭീഷണിക്കു മുന്നില്‍ പരാജിതരാവുകയാണ്.. എങ്കിലും അദ്ദേഹം ആ ഒറ്റപ്പെടലിലും സുന്ദരമായ പാട്ടു ചിട്ടപ്പെടുത്തുന്നു..അതു തന്റെ ശിഷ്യനിലൂടെ ജനങ്ങളിലേക്കു (അതോ ലോകത്തിനോ..) അതു പകരുകയാണ്.. തന്റെ ഭൌതിക ശരീരത്തെ മാത്രമേ നിങ്ങള്‍ക്കു ബന്ധിക്കാനും ഇല്ലാതാക്കാനുമാവൂ എന്നും തന്റെ സംഗീതത്തെ തടയാനും ഇല്ലാതാകാനും ഈ ചങ്ങലകള്‍ക്കാവില്ലെന്നും ലോകത്തോടു വിളിച്ചുപറയുകയാണയാള്‍... മരണപ്പെട്ട ഭാര്യ ആകാശത്തു വന്നു അദ്ദേഹത്തെ വിളിക്കുന്നതുപോലുള്ള രംഗങ്ങള്‍ മലയാളികള്‍ കണ്ടുമടുത്തവയാണെന്നതു പോലെയുള്ള ചില കാര്യങ്ങള്‍ തിരക്കഥയിലെ ന്യൂനതയായി പറയാമെന്നു മാത്രം.. മത്സരവിഭാഗത്തിലെ ഈ സിനിമ രണ്ടു പ്രദര്‍ശനവും നിറഞ്ഞ സദസ്സിലായിരുന്നു..
|
|
Last Updated ( Monday, 28 December 2009 22:27 )
|