|
Written by എന്‍ . എന്‍ . വെണ്മാറനല്ലൂര്‍
|
|
Tuesday, 26 January 2010 21:22 |
ഭാരത റിപ്പബ്ലിക്ക് മാനവ സംസ്കൃതിയുടെ പതിപ്പ്.എന്‍ . എന്‍ . വെണ്മാറനല്ലൂര്‍ നമ്മുടെ രാഷ്ട്രത്തിന് , അന്തര്‍രാഷ്ട്ര സമൂഹത്തില്‍ അനന്യമായൊരു സ്ഥാനം സ്വതവേ ലഭ്യമായിരിക്കുന്നു. ആരും അതറിയുന്നില്ല. അതൊന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം. അതിലേക്ക് അല്പം ചരിത്രപരമായ ആഖ്യാനം വേണ്ടിയിരിക്കുന്നു. 2-ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മഞ്ഞുറഞ്ഞ പ്രഭാതങ്ങള്‍ ! മരങ്ങള്‍പോലും മരവിച്ച് മണ്ണടിഞ്ഞകാലങ്ങള്‍ . ആ കാലങ്ങളില്‍ ഭൂമിയെ കോരിത്തരിപ്പിക്കുന്നൊരു ജീവിയുടെ ജന്മം മദ്ധ്യകിഴക്കന്‍ ആഫ്രിക്കയില്‍ നാമ്പിടുകയായിരുന്നു. ... മനുഷ്യ ജീവിയുടെ ജന്മം ...... ആ യുഗം പിന്മടങ്ങുമ്പോള്‍ ഈറ്റില്ലമായ ആഫ്രിക്കയിലെ കാലാവസ്ഥ ആവാസയോഗ്യമല്ലാതായിരുന്നു. അവിടെനിന്ന് ജീവിതായോധനത്തിനായി മനുഷ്യന്‍ യാത്രതിരിച്ചിട്ട് ഇന്ന് 60,000-ല്‍ക്കൂടുതല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ജന്മനാ നിരാലംബനായ മനുഷ്യന്‍ സമ്പത്സമൃദ്ധമായ ഭാരതഘണ്ഡത്തെ ആവാസയോഗ്യമായി അന്നേ തിരഞ്ഞെടുത്തിരുന്നു. മനുഷ്യ ജനിതക ഘടനകളുടെ സങ്കരസംസ്കാരം പടുത്തുയര്‍ത്തി ഇവിടെ വളര്‍ന്നുവികസിച്ചു. ഈ ഭൂമിയിലെ മനുഷ്യജൈത്രയാത്രയുടെ ആരംഭകാലങ്ങള്‍ മുതല്‍ ഇന്നേവരെ തുടരുന്നൊരു നൈരന്ത്യര്യം ഇവിടെ ഭാരതഭൂമിയില്‍ മാത്രമാണ് അവശേഷിക്കുന്നത്. മനുഷ്യ ജനതതിയിലെ എല്ലാ ജനിതക പാരമ്പര്യവും , ആദിമ ഭാഷകളുടെ രൂപങ്ങളും, ഇന്നുവരെയുള്ള സംസ്കാരിക പകര്‍പ്പുകളും ഇവിടെ സ്വശ്ചമായി നിലനില്‍ക്കുകയും വികസിതമാകുകയും ചെയ്തിരിക്കുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു റിപ്പബ്ലിക്കായിത്തീരുമ്പോള്‍ മനുഷ്യ സംസ്കാരത്തിന്റെ വിജയമാണ് ആഘോഷിക്കപ്പെട്ടത്. അതാണ് ഇന്നത്തെ ഭാരതം. ആധുനീക ഉത്തുംഗതയും, ആദിവാസി ഊരുകളും ഇവിടെ സുലഭം. വേദകാല വിശ്വാസദാര്‍ഢ്യവും ചാര്‍വ്വാകചിന്തകളും ഇന്നും നിലനില്‍ക്കുന്നു. അവതാരങ്ങളും അവകാശവാദികളും ധാരാളം. പ്രധാനപ്പെട്ട ലോകമതങ്ങളുടെയെല്ലാം അനുയായികള്‍ ഇവിടെ സുലഭം. ജനിതക ഘടനയും, സാംസ്കാരിക സങ്കലനവും ഭാരതത്തെ ലോകജനതയുടെ ഒരു ചെറിയ പതിപ്പാക്കി രൂപപ്പെടുത്തിയിരിക്കുന്നു. നേടിയ സ്വാതന്ത്ര്യത്തെയും രാഷ്ട്രത്തിന്റെ അഘണ്ഡതയേയും ഊട്ടിയുറപ്പിക്കുന്നതിനുള്ള നിയമസംഹിത അംഗീകരിക്കപ്പെട്ട ദിനമാണ് 1950 ജനുവരി-26. 60 വര്‍ഷങ്ങളോളം പ്രശ്നങ്ങളെ അതിജീവിക്കാന്‍ അതിന് കഴിഞ്ഞുവെന്നുള്ളത് ഭരണഘടനാ ശില്‍പ്പികളുടെ വിജയം കൂടിയാണ്. ഭരണത്തെ സുഗമവും സമര്‍ത്ഥവുമാക്കുകയും, അധികാര ശക്തികള്‍ ജനോപകാരപ്രദമായിമാത്രമേ വിനിയോഗിക്കപ്പെടുകയുള്ളുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന നിയമങ്ങള്‍ , അധികാരഘടകങ്ങളുടെ അംഗീകാരത്തോടെ, ഒരു പ്രതിജ്ഞാബദ്ധതയില്‍ ഊട്ടിയുറപ്പിക്കുമ്പോഴാണ് ഒരു രാഷ്ട്രം റിപ്പബ്ലിക്കായി മാറുന്നത്. രാഷ്ട്രത്തെ ഒന്നായി നിലനിര്‍ത്തുന്നതോടൊപ്പം, ജനങ്ങളുടെ സ്വാതന്ത്ര്യവും ക്ഷേമവും ഉറപ്പുവരുത്തുകയെന്നതും പരമപ്രധാനം തന്നെ. പലരംഗങ്ങളിലും വേണ്ടത്ര പുരോഗതി ആര്‍ജ്ജിക്കാനായില്ലെങ്കിലും. അനേകം പ്രശ്നങ്ങിലൂടെ കടന്നുനീങ്ങിയ ഭരണഘടന അതിന്റെ സാധുത തെളിയിച്ചിരിക്കുന്നുവെന്ന് പറയാം. ഭാരത ജനതയുടെ സംസ്കാരത്തിന്റേയും കൂട്ടായ്മയുടേയും വിജയംകൂടിയാണത്. ഇന്നും ഭീമമായ പലപ്രശ്നങ്ങളേയും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, സ്വാതന്ത്ര്യം നേടിയ കാലത്തെ പ്രശ്നങ്ങളെപ്പോലെ ഭീഷണങ്ങളല്ല അവ. ഒരുവശത്ത് പുറംലോകത്തിന്റെ പുരോഗതിയോടൊപ്പം നീങ്ങുകയും, മറുവശത്ത് ജനങ്ങളുടെ ജീവിതനിലവാരത്തെ ഉയര്‍ത്തുകയുമെന്നതാണ് വേണ്ടിയിരുന്നത്. പുറം ലോകത്തോടൊപ്പം കിടപിടിക്കാന്‍ നമ്മുടെ ശാസ്ത്രരംഗം സമര്‍ത്ഥത നേടിയിരിക്കുന്നു. എന്നാല്‍ രാജ്യത്തിനകത്ത് നേടാനായ പുരോഗതിയെ സമാനമായി വിന്യസിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രാധമീക വിദ്യാഭ്യാസവും, തൊഴില്‍ ലഭ്യതയും , സമ്പത്തും എല്ലാപേര്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. വളരെവേഗം മുന്നേറുന്ന ശാസ്ത്രസാങ്കേതികത പുരോഗതി ആ രംഗങ്ങളില്‍ സഹായകമായി വര്‍ത്തിക്കുമെന്ന പ്രതീക്ഷ ഇന്ന് പ്രബലമാണ്. ആ സാദ്ധ്യതയാണ് ഇന്നത്തെ ഭരണാധിപന്മാരുടെ ആവേശമായിത്തീര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ രൂപപ്പെടുന്ന വിഘടന പ്രവണതകളും, സേവന രംഗത്തെ അഴിമതികളും, അധോലോക പ്രവര്‍ത്തനങ്ങളുടെ സ്വാധീനവും, തീവ്രവാദ ഭീഷണികളും, നക്സലൈറ്റ് പ്രസ്ഥാനങ്ങളും നമ്മുടെ രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. അവയെ നേരിടുന്നതിനുള്ള സാംസ്കാരിക സമനില വിദ്യാസമ്പന്നമായ തലമുറയില്‍ പ്രകടമാകുന്നുണ്ടെന്നത് ആശ്വാസകരമാണ്. അവര്‍ മുന്നിലേക്കുവന്ന് രാഷ്ട്രപുരോഗതിയില്‍ ഭാഗഭാക്കാകേണ്ടിയിരിക്കുന്നു. കാശ്മീര്‍ , അയോദ്ധ്യ, ഗുജറാത്ത്, രാമസേതു, ബോബെ തുടങ്ങി പലരംഗങ്ങളും പലപ്പോഴായി പിടിച്ചുലയ്ക്കുന്നുണ്ടങ്കിലും നമ്മുടെ സംസ്കൃതി അതിന്റെ അതിജീവന സ്വഭാവം കൈവിട്ടിട്ടില്ലെന്നത് അഭിമാനാര്‍ഹം തന്നെയാണ്. ഗാന്ധിജി തുടങ്ങി അനന്യരായ നേതാക്കള്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ രക്തസാക്ഷികളായി മറഞ്ഞുപോയെങ്കിലും പുതിയനേതാക്കള്‍ രക്ഷയ്ക്കുണ്ടാകുന്ന പ്രവണത ഭാഗ്യം തന്നെയാണ്. ഭാരതജനതയുടെ അതിജീവനം, ... എല്ലാ അര്‍ത്ഥത്തിലും... , മാനവ സംസ്കൃതിയുടെ അതിജീവനമാണ്. എല്ലാ വിഘടന പ്രവണതകളേയും അതിജീവിച്ച് ആ ത്രിവര്‍ണ്ണ പതാക പാറിപ്പറക്കുമാറാകട്ടെ.
|
|
Last Updated ( Tuesday, 09 February 2010 21:25 )
|