| കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍ |
| Written by റോസിലി | ||||||||||||||||||||||||||||||||||||||||||||||||||||||
| Monday, 11 January 2010 20:18 | ||||||||||||||||||||||||||||||||||||||||||||||||||||||
കാലം തെറ്റി പൂത്ത ഗുല്മോഹറുകള്റോസിലി
ഷര്‍ട്ടിലേക്കു വീണ പൂവ് തട്ടി കളഞ്ഞുകൊണ്ട് സതീഷ് ജയന്തിയോടു ചോദിച്ചു.
“ഇല്ല …അരമണിക്കൂര്‍ കൂടി കഴിയണം“. ജയന്തി വാച്ചില്‍ നോക്കി പറഞ്ഞു.
“അവോ..മരത്തിനറിയാമായിരിക്കും…. മൂന്നു തലമുറകള്‍ക്കായി ഈ വയസ്സന്‍ മരം എത്ര തണലൊരുക്കിയിരിക്കുന്നു” “അവരൊക്കെ ഇപ്പോള്‍ മക്കളൊക്കെയായി സുഖമായി ജീവിക്കുന്നുണ്ടാകും അല്ലേ…?” “ഉണ്ടായിരിക്കും“ സതീഷ് കുറച്ചൊരു ഗൌരവത്തോടെ പറഞ്ഞു. പിന്നെയേതോ ചിന്തയില്‍ മുഴുകി ഒന്നും മിണ്ടാതെയിരുന്നു. “സതീഷ്…. ഞാനൊരു കാര്യം പറയാന്‍ മറന്നു പോയി. ഇന്നലെ രാത്രിയില്‍ ഒരു സ്വപ്നം കണ്ടു. നമ്മള്‍ രണ്ടു പേരും കൂടി സതീഷിന്റെ വീട്ടില്പോകുന്നതായിട്ട്…” “ഓഹോ…എന്നിട്ട്..?“ അവനവളെ അവളെ കളിയാക്കി “സത്യം…വീടിനടുത്തുള്ള അബ്ദുക്കായുടെ പീടിക പോലും ഞാന്‍ കണ്ടു..അബ്ദുക്ക നമുക്ക് ഐസിട്ട നാരങ്ങാവെള്ളം തന്നു, നമ്മള്‍ അബ്ദുക്കായോട് യാത്രപറഞ്ഞിറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണു തുറന്നു പോയി.” “അതു വലിയ കഷ്ടമായിപ്പോയി“ അയാള്‍ വീണ്ടുമവളെ കളിയാക്കി. “കളിയക്കണ്ട…കണ്ണു തുറന്നു പോയില്ലായിരുന്നെങ്കില്‍ നേരെ വീട്ടിലെത്തിയേനെ. എന്നാലും അബ്ദുക്കയുടെ പീടികയെങ്കിലും കാണാന്‍ പറ്റിയല്ലോ” “പക്ഷേ…അതിനു നീ അബ്ദുക്കായെ കണ്ടിട്ടില്ലല്ലോ…” “അതിനെന്താ..സതീഷ് എത്ര പ്രാവശ്യം എന്നോട് അബ്ദുക്കയുടെ പീടികയെ പറ്റി പറഞ്ഞിരിക്കുന്നു“ . ഒരു നിമിഷം മിണ്ടാതിരുന്നിട്ട് ജയന്തി പരിഭവത്തോടെ പറഞ്ഞു “എത്രനാളായി ഞാന്‍ പറയുന്നു എന്നെയൊന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍“ “സമയമാകട്ടെ.. വീട്ടിലിതുവരെ നിന്നെക്കുറിച്ച് പറഞ്ഞിട്ടില്ല.“ അയാള്‍ വിഷണ്ണനായി. “നോക്കിക്കൊളൂ …ഒരിക്കല്‍ ഞാന്‍ തനിയെ അവിടെ വരും. എല്ലാവരെയും അല്‍ഭുതപ്പെടുത്തിക്കൊണ്ട്” “ശരി..എങ്ങനെ എത്തുമെന്നു പറയൂ..” സതീഷ് ചിരിച്ചുകൊണ്ടവളെ പ്രോത്സാഹിപ്പിച്ചു “വഴിയെല്ലാം സതീഷ് പലവട്ടം പറഞ്ഞു തന്നിട്ടില്ലേ…താമരക്കുളങ്ങര റെയില്‍ വേസ്റ്റേഷന്‍,മുന്നില്‍ ചെമ്മണ്‍ പാത ,കുറച്ചു നടന്നാല്‍ പഞ്ചായത്ത് കിണര്‍, കുരിശുമ്മൂട് കവല. അവിടെ നിന്നും വലത്തോട്ട് തിരിയുമ്പോള്‍ ട്രാന്‍സ്ഫോര്‍മറിനടുത്ത് അബ്ദുക്കായുടെ പെട്ടിക്കട. ഞാന്‍ അബ്ദുക്കായോട് ചോദിക്കും ആര്‍ട്ട്സ് കോളേജില്‍ എം.എ.ക്കുപഠിക്കുന്ന സതീഷിന്റെ വീടെവിടെയാണെന്ന്.“ സതീഷിന്റെ വീടിനടുത്തുള്ള റെയില്‍വേസ്റ്റേഷനും വീട്ടിലേക്കുള്ള വഴിയും അബ്ദുക്കായുടെ പെട്ടിക്കടയും എല്ലാം അവള്‍ക്കു മനപ്പാഠമാണ്.
“തുടങ്ങി കോമ്പ്ലക്സ്..” ജയന്തി ദേഷ്യപ്പെട്ടു
“ഇനി എന്നു ഇതുപോലെ സ്വപ്നം കാണുന്നുവോ ..അന്നു ഞാന്‍ സതീഷിന്റെ വീട്ടിലെത്തിയിരിക്കും.രാവിലെ ഉണര്‍ന്നെണീക്കുന്ന സതീഷ് ചിലപ്പോള്‍ എന്നെയായിരിക്കും കണി കാണുന്നത്…”
“ഞാന്‍ പോകുന്നു..എന്റെ ബസ്സിപ്പൊ വരും.. “
കളിയായിരുന്നില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ. എത്രപ്രാവശ്യം പറഞ്ഞിരിക്കുന്നു ഒന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍.സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും അവള്‍ക്ക് സൈഡില്‍ത്തന്നെ സീറ്റുകിട്ടി. ചുറ്റുമുള്ള ആരെയും അവള്‍ ശ്രദ്ധിക്കാന്‍ പോയില്ല.ആരെങ്കിലും പരിചയമുള്ളവരെ കണ്ടാല്‍പ്പിന്നെ എവിടെപ്പോകുന്നു എന്ന് പറയേണ്ടി വരും. അച്ഛന്റെ ചെവിയില്‍ അതെത്താനും മതി. ഏതോ പരിചയമുള്ള മുഖം അവളെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ അവള്‍ പുറത്തേക്ക് തലതിരിച്ചു കാഴ്ചകള്‍ നോക്കിയിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളും പുഴയും താണ്ടി ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു. എത്ര പ്രകൃതിഭംഗിലുള്ള നാടാണ്‍ സതീഷിന്റേത്.വയലില്‍ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെ ജയന്തി കൌതുകത്തോടെ നോക്കി. താമരക്കുളങ്ങരക്കു മുന്‍പുള്ള സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ജയന്തി തയ്യാറായി നിന്നു. കുറെ ആളുകള്‍ അവളോടൊപ്പം ഇറങ്ങി. അതിലധികം ആളുകള്‍ കയറുകയും ചെയ്തു. ചുറ്റും നോക്കിയപ്പോള്‍ മനസ്സിലായി സതീഷ് പറഞ്ഞ പോലെ അത്രക്കങ്ങു ചെറിയ സ്റ്റേഷന്‍ അല്ല അതെന്ന്. കടകകളും ബുക്ക് സ്റ്റാളും എസ്സ്.സ്റ്റി.ഡി ബൂത്തുമൊക്കെയായി ഒരു ഇടത്തരം സ്റ്റേഷന്‍. ഓട്ടോകളും ടാക്സികളും അവിടെ യാത്രക്കാരെ കാത്തു നിരയായി കിടക്കുന്നു. ചെമ്മണ്ണിട്ട വഴി കാണുന്നില്ല. ടാറിട്ട ഒരു റോഡാണ്‍ മുന്നില്‍. റോഡ് ടാറിട്ട കാര്യം സതീഷ് എന്തേ പറയാന്‍ മറന്നത്. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ പഞ്ചായത്ത് കിണര്‍ കണ്ടു. പിന്നെ കവലയും. വഴി തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. വലത്തേക്കു തിരിഞ്ഞപ്പോള്‍ രണ്ടു മൂന്നു കടകള്‍. ട്രാന്‍സ്ഫോര്‍മറിന്റെ അടുത്ത് പെട്ടിക്കട കാണുന്നില്ല .പകരം ഒരു സ്റ്റേഷനറിക്കട. ഈ സതീഷിന്റെ ഒരു കാര്യം എല്ലാം ചെറുതാക്കി പറഞ്ഞിരിക്കുന്നു. അവള്‍ മനസ്സിലോര്‍ത്തു.
“അബ്ദുക്കായുടെ കട ഇതല്ലേ…?“ അവള്‍ സംശയത്തോടെ തന്നെ ചോദിച്ചു “അതേ…ബാപ്പ ഇപ്പോള്‍ വരാറില്ലല്ലോ..ഇപ്പോള്‍ ഞാനാ കട നോക്കുന്നത്…”.പിന്നെ അയാള്‍ അവളെ ചോദ്യ ഭാവത്തില്‍ നോക്കി. “ആര്‍ട്സ് കോളേജിലെ സതീഷിന്റെ വീട്…?” “സതീഷ് സാറ് കുറച്ചു മുന്‍പ് കോളേജിലേക്കു പോയല്ലോ..” “ഇത്ര നേരത്തേയോ..?” ജയന്തിക്ക് അതിശയം തോന്നി. എപ്പോഴും ഫസ്റ്റവര്‍ കഴിഞ്ഞ് കോളേജിലെത്താറുള്ള കക്ഷിയാണ് പെട്ടെന്ന് പുറത്തേക്ക് നോക്കി അവന്‍ പറഞ്ഞു “ദാ…സതീഷ് സാറിന്റെ ഭാര്യയും മകനും വരുന്നു. സ്റ്റേഷനിലേക്കാണെന്നു തോന്നുന്നു…..അവരോട് ചോദിച്ചോളൂ.” മിറര്‍ വര്‍ക്ക് ചെയ്ത വയലറ്റ് സാരിയുടുത്ത ഒരു സ്ത്രീയും ഒരു യുവാവും നടന്നടുക്കുന്നുണ്ടായിരുന്നു. ഇയാളിതെന്താ പറയുന്നതെന്ന ഭാവത്തില്‍ ചെറുപ്പക്കാരനെ നോക്കിയിട്ട് ജയന്തി കടയുടെ പുറത്തേക്കിറങ്ങി. അവള്‍ക്കു ചിരിവന്നു. ഭാര്യയും മുതിര്‍ന്ന മകനും. അയാള്‍ക്കു തെറ്റിയതായിരിക്കും. വേറെയാരുടെയെങ്കിലും കാര്യമായിരിക്കും അയാള്‍ പറഞ്ഞത്. പക്ഷേ ആ മകന്‍ സതീഷിന്റെ അതേ ഛായ. ആ താടിയില്ലെന്നു മാത്രം. നടത്തയും അതുതന്നെ. പിന്നില്‍ നിന്നു നോക്കിയപ്പോള്‍ സതീഷ് നടന്നു പോകുകയാണെന്നു തോന്നി. അവള്‍ക്കൊന്നും മനസ്സിലായില്ല. സ്റ്റേഷനിലേക്കുളള വഴിയേ നടന്നു പോകുന്ന അവരെ നോക്കി നിന്ന ജയന്തി കുറച്ചു നേരം അതേ നില്‍പ്പില്‍ത്തന്നെ നിന്നു……………… എത്രസമയം അവള്‍ അങ്ങനെ നിന്നു കാണും…? അരോ അവളുടെ കയ്യില്‍ പിടിച്ചു. ഞെട്ടിത്തിരിഞ്ഞു നോക്കിയ ജയന്തി കണ്ടത്..വിഷ്ണുവിനെ!! വളരെ പരിഭ്രാന്തനായിരുന്നു അയാള്‍. വിഷ്ണുവോ……? അപ്പോള്‍ സതീഷിന്റെ വീട്..? ഇന്നലത്തെ രാത്രിയിലെ സ്വപ്നം….? താനിപ്പോഴെവിടെയാണ്‍...? ഒന്നിനും ഉത്തരമില്ല. മുന്‍പിലുള്ള റോഡും ട്രാന്‍സ്ഫോര്‍മറും കീഴ്മേല്‍ മറിയുന്നു. അവര്‍ മകന്റെ തോളിലേക്കു ചാഞ്ഞു.
“അമ്മ ട്രെയിന്‍ കയറി പോന്ന കാര്യം സണ്ണിയാണ് എന്നെ അറിയിച്ചത്. സണ്ണി അതേ ട്രെയിനിലുണ്ടായിരുന്നു. എവിടെപ്പോകുന്നു എന്നു ചോദിച്ചിട്ട് അമ്മ മറുപടിയൊന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നപ്പോള്‍ സംശയം തോന്നി എന്നെ അവന്‍ ഉടനെ വിളിക്കുകയായിരുന്നു. ഉടനെ തന്നെ ഞാന്‍ കാറുമെടുത്തു കൊണ്ട് പായുകയായിരുന്നു. ഭാഗ്യത്തിന് ട്രെയിന്‍ ക്ലിയറന്‍സിനു നിറുത്തിയിരുന്നതുകൊണ്ട് ഒപ്പമെത്തുവാന്‍ പറ്റി“
“ഏതോ ദരിദ്രവാസിയുടെ കൂടെ ഒളിച്ചോടാന്‍ തയ്യാറെടുത്തു നിന്ന പെണ്ണിനെ തലയില്‍ കെട്ടി വെച്ചു തന്ന കിഴവന്‍..” മദ്യത്തിന്റെ ലഹരിയില്‍ കുഴഞ്ഞ ശങ്കറിന്റെ ശബ്ദം… ചിലപ്പോള്‍ പന്ത്രണ്ടു വസ്സുകാരനായ വിഷ്ണുവിനോടായിരിക്കും കഥ പറച്ചില്‍ മുഴുവനും. “ചത്തുപോയ നിന്റെ അപ്പൂപ്പനുണ്ടല്ലോ ആ..വലിയ പ്രതാപി..വലിയ കൊമ്പത്തെ തറവാട്ടുകാരനാണത്രേ… അയാള്‍ ഓഫര്‍ ചെയ്ത കാറും ബംഗ്ലാവുമെല്ലാം കണ്ട് ഞാന്‍ ആ കെണിയില്‍ ഞാന്‍ വീണുപോകുകയായിരുന്നു.“ ഒന്നും മിണ്ടാതിരുന്ന വിഷ്ണുവിനോട് വീണ്ടും അയാള്‍ തുടരുന്നു “ഒരു കാര്യത്തില്‍ മാത്രം ഞാന്‍ രക്ഷപ്പെട്ടു. ഇവള്‍ പ്രസവിച്ചത് കല്യാണം കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞാ..അല്ലെങ്കില്‍ ഞാന്‍ ആ തെണ്ടിയുടെ മകനെ ചുമക്കേണ്ടി വന്നേനെ…..അയാളിപ്പോ നിന്റമ്മയുമായി പ്രേമിച്ചുനടന്ന അതേ കോളേജിലെ സാറാ…ഇടക്കുപോയി പ്രേമം പുതുക്കാന്‍ പറ..നിന്റമ്മയോട്…“
“അമ്മ രക്ഷപ്പെട്ടു” എന്നു വിഷ്ണുവിനോട് ആശ്വാസത്തോടെ പറഞ്ഞ ജയന്തിക്ക്. “അമ്മ മാത്രമല്ല ഞാനും“ എന്ന മറുപടിയാണ് ലഭിച്ചത്.
കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി ഹോണടിച്ചപ്പോള്‍ പുറത്തേക്കു വന്ന ഷൈലയോട് വിഷ്ണു പറഞ്ഞു “ഷൈലേ..അമ്മക്കു നല്ല സുഖമില്ല…ബെഡ് റൂമില്‍ കൊണ്ടു കിടത്തൂ…”
“ഇന്നലത്തെ കല്യാണത്തിന്‍ അച്ഛനെയും ഭാര്യയെയും കണ്ടപ്പോള്‍ മുതല്‍ അമ്മക്കുണ്ടായ മൌനം നമ്മള്‍ ശ്രധിക്കണമായിരുന്നു ഷൈലേ….സണ്ണി കണ്ടില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്തായേനേ സ്ഥിതി..?”
”അച്ഛനുമായുള്ള ഡിവോര്‍സ് അമ്മക്ക് ആശ്വാസമായിരുന്നു എന്നല്ലേ വിഷ്ണുവേട്ടന്‍ പറഞ്ഞിട്ടുള്ളത് എന്നിട്ടിപ്പോള്‍ എന്തു പറ്റിയാവോ?“ “അതൊക്കെ ശരി തന്നെ..പഴയ അസുഖകരമായ ഓര്‍മ്മകള്‍ വീണ്ടും അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കും. അമ്മയുടെ പഴയ ഡോക്ടര്‍ക്ക് ഇപ്പോള്‍ത്തന്നെ വിളിച്ച് വൈകുന്നേരത്തേക്ക്‍ ഒരു അപ്പോന്മെന്റ് എടുത്തേക്കാം“ “വിഷ്ണുവേട്ടന്‍ ഇന്നു കുറച്ചു നേരത്തെ ഓഫീസില്‍നിന്നും വന്നാല്‍ മതി.ഞാന്‍ അമ്മയെ തയ്യാറാക്കി നിറുത്തിയേക്കാം“
Powered by !JoomlaComment 3.26
3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved." |
||||||||||||||||||||||||||||||||||||||||||||||||||||||
| Last Updated ( Monday, 18 January 2010 22:44 ) |

